Wednesday, January 9, 2013


വുഡൻ ഫ്ലോറി‌ംഗ്

മരപ്പാളികൾ പാകിയ നിലം വേണം‌‌ ‌-
കീഴ് മേൽ മറിഞ്ഞ മച്ചിൻപുറം പോലെ...

നല്ല മൂത്ത കരിമ്പനകൾ കിട്ടും -
പാലക്കാടുവരെ പോകുകയേ വേണ്ടൂ എന്ന് ചങ്ങാതി...
കാശൊന്നും വേണ്ടന്നേ
നാലാളെ കൂട്ടിപ്പോയി പാകം പോലെ മുറിച്ചെടുക്കുകയേ വേണ്ടൂ...

കാരിരുമ്പൊത്ത കൂർത്ത നാരുകൾ
തറഞ്ഞു കയറില്ലേ കാലിൽ...?
നിലത്തുവെക്കാതെ വളർത്തിയ മക്കളാണു...

നിങ്ങൾക്കെന്തറിയാം ചങ്ങാതീ...
നാടെത്ര മാറി...!
ആളെ വേണമെങ്കിൽ പറയൂ, മിടുക്കന്മാരുണ്ട് -
പരുവം പോലെ ചെത്താനും മിനുക്കാനും...
പിന്നെ, പലതരം വാർണിഷും പോളിഷും...

പെരുമ്പറ തിരഞ്ഞെത്തുന്ന കിഴക്കൻ കാറ്റുകൾ
ചുഴലിയായെന്നെ കടപുഴക്കുമോ ആവോ...
ഉന്മാദിയായ മുത്തിയെപോലെ 
'മകനേ' എന്ന് രാത്രിയിൽ വിളിച്ചുണർത്തുമോ ആവോ...

നിലം പരിശായ കരിമ്പനകൾക്ക് മേലെ
പുതിയ ജീവിതം തുടങ്ങട്ടെ....

- ഒമർ ഷെറിഫ്